ഫീല്‍ഡിങ്ങിനിടെ ദേഷ്യപ്പെട്ട് ധോണി (വീഡിയോ)

അഡ്‌ലെയ്ഡ്: ഫീല്‍ഡില്‍ എന്നും ശാന്തത കൈവിടാത്ത എം.എസ് ധോണി കട്ട കലിപ്പിലാകുന്നതിന് ഇന്നലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഏകദിനത്തില്‍ കളിച്ച പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ ചൂടറിഞ്ഞത്. മത്സരം അവസാനത്തോട് അടുക്കുകയായിരുന്നു. ധോണിയും കാര്‍ത്തിക്കും ക്രീസില്‍. അതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ ഖലീല്‍ അഹമ്മദ് കാര്‍ത്തിക്കിന് വെള്ളം കൊടുക്കാനായി പിച്ചിലൂടെ നടക്കുകയായിരുന്നു. ഇത് ധോനിക്ക് പിടിച്ചില്ല.

പിച്ചിലൂടെയല്ല അപ്പുറത്തുകൂടി നടക്കണമെന്ന് കോലി ഖലീലിനോട് ദേഷ്യപ്പെട്ട് പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കലിപ്പന്‍ ധോണിയെ കണ്ട യുസ്വേന്ദ്ര ചാഹല്‍ അതിനിടെ പിച്ചിലേക്ക് കടക്കാതെ ധോണിക്ക് അദ്ദേഹത്തിന്റെ ഹെല്‍മറ്റ് എറിഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

പിച്ചില്‍ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും അതുവഴി ബാറ്റിങ് ദുഷ്‌കരമാകാനും കാരണമാകും. പിച്ചില്‍ ചവിട്ടി നടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ബൗളിങ്ങിലെ ഫോളോത്രൂവില്‍ ബൗളര്‍ക്ക് പോലും പിച്ചിന് നടുവിലേക്ക് വരാന്‍ അനുവാദമില്ല. ഇത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ച് ചാടിക്കടക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഖലീല്‍ പിച്ചിലൂടെ നടന്നതും ധോണി ചൂടായതും.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ മുന്‍ ക്യാപ്റ്റന്‍ ധോണിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

കൃത്യമായ കണക്കുകൂട്ടലുകളോടെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയ ധോണിയെ നിരവധി പേര്‍ അഭിനന്ദിക്കുകയാണ്. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും ചേരുമെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനും ധോണിക്കായി.

Similar Articles

Comments

Advertismentspot_img

Most Popular