സിനിമ പരാജയപ്പെട്ടു: പ്രതിഫലത്തുക തിരികെ നല്‍കി സായ് പല്ലവി…

ചെന്നൈ: ഒരറ്റസിനിമ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ്പല്ലവി. ഇപ്പോള്‍ സായ്പല്ലവിയെകുറിച്ച് മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നല്‍കിയത്. പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ പാട്ടുകള്‍ക്ക് ഏറെ ശ്രദ്ധ ലഭിച്ചിരുന്നുവെങ്കിലും സിനിമക്ക് വേണ്ടത്ര പ്രചാരം നേടാന്‍ സാധിച്ചില്ല. 22 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്.
പ്രതിഫലത്തില്‍ നിന്നും കുറച്ചു തുക സായ് മുന്‍പ് കൈപ്പറ്റിയിരുന്നു. എന്നാല്‍ ബാക്കി തുകയുമായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം തുക വേണ്ടെന്നുവെച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ്ക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. ചിത്രത്തിന്റെ പരാജയത്തില്‍ ബുദ്ധിമുട്ടിയിരുന്ന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമേകാന്‍ സായിയുടെ തീരുമാനത്തിലൂടെ സാധിച്ചു. തുടര്‍ന്ന് താരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തില്‍ സായി പല്ലവിയും ശര്‍വാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫിദ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം മിഡില്‍ ക്ളാസ് അബ്ബായി, കണം എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഏറെ ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. തമിഴിലെ മാരി 2 വാണ് സായ് പല്ലവിയുടേതായി അവസാനമെത്തിയ ചിത്രം. ‘അറാത് ആനന്ദി’ എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്യുടെ കഥാപാത്രം. ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള താരത്തിന്റെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി മോഹന്‍ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധനുഷ് നായകനായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്.

SHARE