പാണ്ഡ്യക്കും രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഏകദിന ടീമില്‍

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. വിജയ് ശങ്കര്‍ ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളു.
ശുഭ്മാന്‍ ഗില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. വിജയ് ശങ്കര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ട് ഏകദിനങ്ങളും നിര്‍ണായകമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണുള്ളത്.
കഴിഞ്ഞ വര്‍ഷം അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു ടൂര്‍ണമെന്റിലെ താരം. പിന്നീട് ഇന്ത്യ എ ടീമിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയും താരം മികച്ച പ്രകടനം പുറത്തെടുത്തു.
ഓള്‍റൗണ്ടറായ വിജയ് ശങ്കര്‍ അഞ്ച് ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. ശ്രീലങ്കയ്ക്കെതിരായ നിദാഹാസ് ട്രേഫിയിലായിരുനനു ഇത്. ഈ അടുത്ത് അവസാനിച്ച ഇന്ത്യന്‍ എ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ വിജയ് ശങ്കര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

SHARE