രോഹിത്തിന്റെ സെഞ്ചുറി പാഴായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി

സിഡ്‌നി: രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും എം.എസ് ധോനിയുടെ ചെറുത്തുനില്‍പ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 10 ന് മുന്നിലെത്തി.

129 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സും അടക്കം 133 റണ്‍സെടുത്ത രോഹിത്തും 96 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 51 റണ്‍സെടുത്ത എം.എസ് ധോനിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്. ഇരുവരും ക്രീസിലുളളപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നാലു വിക്കറ്റെടുത്ത റിച്ചാഡ്‌സന്റെ പ്രകടനം നിര്‍ണായകമായി.

നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോനിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോനിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറി നേടിയ രേഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.

ധോനിക്ക് പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി. കുല്‍ദീപ് മൂന്നു റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമിയെ സ്‌റ്റോയിനിസ് പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഭുവനേശ്വര്‍ കുമാര്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി അരങ്ങേറ്റ മല്‍സരം കളിച്ച ബെഹ്‌റെന്‍ഡോഫും മാര്‍ക്കസ് സ്‌റ്റോയ്‌നിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

SHARE