കൊട്ടാരക്കരയില്‍ വാഹനാപകടം; അഞ്ചു പേര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഉണ്ടായ വാഹനപാകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എംസി റോഡില്‍ ആയൂരിന് സമീപമാണ് അപകടമുണ്ടായത്. കട്ടപ്പന- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാളുടെ നില ഗുരുതരമാണ്.

ഇവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

SHARE