ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് കുറ്റകൃത്യമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. വ്യാഴാഴ്ച വാര്‍ഷികവാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കരസേന യാഥാസ്ഥിതികസ്വഭാവമുള്ളതാണെന്നും അതിനു സ്വന്തം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈന്യം രാജ്യത്തെ നിയമസംവിധാനത്തിനെതിരല്ല. സ്വവര്‍ഗരതി നേരിടാന്‍ സൈന്യത്തിന് അതിന്റേതായ നിയമമുണ്ട്. എങ്കിലും പൊതുസമൂഹത്തില്‍ സ്വവര്‍ഗരതിക്കാര്‍ക്കെതിരായ വിവേചനം നിരീക്ഷിക്കും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ യുദ്ധരംഗത്തിനു പറ്റിയവരല്ലെന്ന വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് റാവത്ത്.

സൈന്യത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടില്ല. പട്ടാളക്കാര്‍ അവ ക്രിയാത്മകമായും സൂക്ഷിച്ചും ഉപയോഗിക്കണം. എതിരാളികള്‍ നമ്മെ കുടുക്കാന്‍ സാമൂഹികമാധ്യമത്തെ ഉപയോഗിക്കുമെന്ന് പട്ടാളത്തെ പഠിപ്പിച്ചിട്ടുണ്ട്. ഒട്ടേറെപ്പേര്‍ പെണ്‍കെണിയില്‍ കുടുങ്ങിയിട്ടുള്ളകാര്യം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അഫ്ഗാനിസ്താനിലെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ താലിബാനുമായി ചര്‍ച്ചനടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ മോസ്‌കോയില്‍ അഫ്ഗാനിസ്താനുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ അനൗദ്യോഗികമായി പങ്കെടുത്തിരുന്നു. അന്ന് താലിബാനും ചര്‍ച്ചയുടെ ഭാഗമായിരുന്നു. എങ്കിലും, നിലവില്‍ ഔദ്യോഗിക ചര്‍ച്ച വേണ്ടെന്നാണ് ഇന്ത്യയുടെ നയം.

ചൈന, പാകിസ്താന്‍ അതിര്‍ത്തിയില്‍ ആശങ്കയ്ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെങ്കിലും ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടേണ്ടതുണ്ട്. കശ്മീരില്‍ സമാധാനം കൊണ്ടുവരലാണ് സേനയുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു.

SHARE