സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടനെ അറസ്റ്റ് ചെയ്‌തേക്കും; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി വിവാദപരാമര്‍ശം നടത്തിയത്.

ശബരിമല യുവതീപ്രവേശനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രസംഗമായാണ് കോടതി കൊല്ലം തുളസിയുടെ പ്രസംഗത്തെ നിരീക്ഷിച്ചത്. ഇതിനെ ഒരു രാഷ്ട്രീയ പ്രസംഗമായി മാത്രം കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് പ്രസംഗം നല്‍കുന്നതെന്നും കോടതി പറഞ്ഞു.

കേരളത്തിലെ അമ്മമാര്‍ ശബരിമലയില്‍ പോകണമെന്നും അവിടെ ചില സ്ത്രീകള്‍ വരുമെന്നും അവരെ വലിച്ചു കീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നും തുടങ്ങിയ പരാമര്‍ശങ്ങള്‍ കൊല്ലം തുളസി നടത്തിയിരുന്നു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular