പണിമുടക്ക് ആക്രമണം: എന്‍ജിഒ യൂണിയന്റെ രണ്ട് പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് പ്രമുഖ നേതാക്കളാണ് അറസ്റ്റിലായത്. അശോകന്‍, ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഹരിലാല്‍. ഇയാള്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറാണ്. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറിയാണ് അശോകന്‍. ഇയാള്‍ ട്രഷറി ഡയറക്ടറേറ്റിലേ ഉദ്യോഗസ്ഥനാണ്. തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത് ദിവസം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായത്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഇവരുടെ അക്രമത്തിലൂടെ ബാങ്കിന് സഹിക്കേണ്ടിവന്നത്. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് നാലുപേര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തെങ്കിലും തുടര്‍ന്ന് നടപടികള്‍ ഒന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
നേരത്തെ തന്നെ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഉദ്യേഗസ്ഥരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ കര്‍ശനമായ അച്ചടക്കനടപടിയും ഉണ്ടായേക്കും. ഇതിനിടെ അക്രമം നടത്തിയ സമരാനുകൂലികളായ ഉദ്യോഗസ്ഥരെ സംഘടന സംരക്ഷിക്കില്ലെന്ന് സിഐടിയു നേതാവ് ചന്ദ്രന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. അതേസമയം നേരത്തെ എടുത്ത കേസിന് സമാനമായി സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular