മുടി നരപ്പിച്ച് വേഷം മാറി ദര്‍ശനം നടത്തി; കൊല്ലം സ്വദേശിനി ശബരിമലയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

സന്നിധാനം: ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു ശബരിമലയില്‍ എത്തിയെന്നാണ് അവകാശവാദം. വേഷം മാറിയാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 7.30 ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അവകാശവാദം.

മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന. പോലീസ് സുരക്ഷ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് തെളിവുകളും വീഡിയോയും അടക്കമുള്ളവ പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ പോലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മഞ്ജു ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ വിശദീകരിക്കുന്നു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്.പി മഞ്ജു.

SHARE