ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി; വിശ്വാസികളാണെന്ന് സര്‍ക്കാരിന്റെ മറുപടി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

യുവതീ പ്രവേശനവിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇന്നലെ യുവതീ പ്രവേശന സാഹചര്യം ഉണ്ടായതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ആ റിപ്പോര്‍ട്ടാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.

പോലീസ് സംരക്ഷണം നല്‍കി യുവതികളെ കയറ്റരുതെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ചോദ്യങ്ങളുന്നയിച്ചത്. ബിന്ദുവും കനക ദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതെയെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ യുവതികള്‍ എത്തിയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാരിന്റെ പ്രകടനം ശബരിമലയില്‍ അനുവദിക്കാനാവില്ല. സര്‍ക്കാരിനോ പോലീസിനോ മറ്റ് സംഘടനകള്‍ക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

എജി നേരിട്ടെത്തി സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും കോടതി തൃപ്തരായില്ല. മനീതി സംഘത്തെ നിലയിക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ അയച്ചതടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാരിന്റെ വിശദീകരണത്തിലും കോടതി തൃപ്തരായില്ല. ഇക്കാര്യം വിശദീകരിച്ച് സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular