റായ്ബറേലിയും അമേഠിയും പിടിച്ചെടുക്കാന്‍ ബിജെപി; വാരാണസിയില്‍ കോണ്‍ഗ്രസും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് റായ്ബറേലി, അമേഠി മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ അതേ അടവ് വാരാണസിയില്‍ പയറ്റാന്‍ കോണ്‍ഗ്രസ്.
രാഹുലിന്റെ മണ്ഡലമാണെങ്കിലും അമേഠിക്കായി പദ്ധതികള്‍ പ്രഖ്യാപിച്ച് ബിജെപി സാന്നിധ്യം ശക്തമാക്കുകയാണ്. രാഹുലിനോട് കഴിഞ്ഞ തവണ തോറ്റെങ്കിലും അമേഠിയില്‍ ഇടയ്ക്കിടെ എത്തി സക്രിയമാകാറുണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി അവിടെ ശ്രദ്ധവച്ചതോടെ അമേഠിക്ക് പുറമെ കര്‍ണാടകത്തിലെ ഒരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തര കര്‍ണാടകത്തിലെ ബിദാര്‍ സീറ്റാണ് പരിഗണിക്കുന്നത്.
സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിക്കായി പദ്ധതികള്‍ പ്രഖ്യാപിച്ച് ഈ സീറ്റും പിടിച്ചെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുകയാണ്. കഴിഞ്ഞ ഡിസംബറിലും മോദി റായ്ബറേലിയില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും എംപി ഫണ്ട് റായ്ബറേലിയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തില്‍ ബിജെപി കരുക്കള്‍ നീക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസും തന്ത്രങ്ങള്‍ തുടങ്ങി. ഫെബ്രുവരിയില്‍ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വാരാണസിയില്‍ കിസാന്‍ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്നെ കര്‍ഷക റാലിയില്‍ നേരിട്ടു പങ്കെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular