പോയേ മതിയാകൂ എന്നത് ഞങ്ങളുടെ പിടിവാശി ആയിരുന്നു; കനകദുര്‍ഗയും ബിന്ദുവും അജ്ഞാത കേന്ദ്രത്തില്‍നിന്ന്

കൊച്ചി: ശബരിമലയില്‍ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു. മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പറഞ്ഞു. പോയേ മതിയാകൂ എന്നത് ഞങ്ങളുടെ പിടിവാശിയായിരുന്നു. സന്നിധാനത്തെത്തി മടങ്ങിയ ശേഷം അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന ഇരുവരും നല്‍കിയ അഭിമുഖം മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്.

പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനം നടത്താന്‍ പൊലീസും പ്രേരിപ്പിച്ചു. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്. ആരും എതിര്‍ത്തില്ല– ബിന്ദു പറഞ്ഞു. ആംബുലന്‍സിലാണോ അവിടെയെത്തിച്ചത് എന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു പ്രതികരണം. പമ്പയില്‍നിന്നു നടന്നാണു മല കയറിയത്. മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ദര്‍ശനത്തിനു തയാറെടുത്ത വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു– കനകദുര്‍ഗ പറഞ്ഞു.

SHARE