യുവതികള്‍ ശബരിമല ദര്‍ശനം നടത്തി മടങ്ങിയത് അതീവരഹസ്യമായി ; 3.48 ഓടെ എത്തി. അഞ്ച് മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി 3.53 ഓടെ തിരിച്ചിറങ്ങി

പത്തനംതിട്ട: യുവതികള്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി മടങ്ങിയത് അതീവരഹസ്യമായി. ഇരുവരും വരുന്ന വിവരം അപൂര്‍വ്വം പോലീസുകാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഇവരുടെ വരവ്. മുന്‍കൂട്ടി പോലീസ് സംരക്ഷണം തേടിയതുമില്ല. പുലര്‍ച്ചെ ഒന്നരയ്ക്ക് പമ്പയിലെത്തിയ ശേഷം മാത്രമാണ് സംരക്ഷണം ചോദിച്ചത്. വലിയ തിരക്കില്ലാത്ത സമയമാണ് ദര്‍ശനത്തിനായി അവര്‍ തിരഞ്ഞെടുത്തതും.
പമ്പയിലെത്തിയ ഇവര്‍ സംരക്ഷണം ചോദിച്ചു. ആറ് പോലീസുകാരുടെ അകമ്പടിയില്‍ അവര്‍ മലകയറി, മഫിതിയിലാണ് പോലീസുകാര്‍ അനുഗമിച്ചത്. ഒന്നരയ്ക്ക് പുറപ്പെട്ട കനകദുര്‍ഗയും ബിന്ദുവും 3.30ന് നട തുറന്ന ശേഷമാണ് സന്നിധാനത്തെത്തിയത്. കറുപ്പണിഞ്ഞ് മുഖംമറച്ചാണ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു വരവ്. പതിനെട്ടാം പടി വഴിയല്ലാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിന് മുന്നിലെത്തിയത്. 3.48 ഓടെ എത്തി. കൃത്യം അഞ്ച് മിനിറ്റിനുള്ളില്‍ 3.53 ഓടെ ദര്‍ശനം നടത്തി തിരിച്ചിറങ്ങി തുടങ്ങി.
3.53ഓടെ ദര്‍ശനം നടത്തി തിരിച്ചിറങ്ങിയെന്നുമാണ് സ്ഥിരീകരണം. സുരക്ഷ ഒരുക്കിയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളെ സന്നിധാനത്തേയ്ക്കുള്ള പാതയില്‍ ചില അയ്യപ്പന്‍മാര്‍ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമൊന്നും ഉയര്‍ന്നില്ലെന്ന് അവര്‍ പറയുന്നു. പതിനെട്ടാംപടി വഴിയല്ല, സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിനു മുന്നിലേയ്‌ക്കെത്തിയത്. മേല്‍ശാന്തിയുടെയോ തന്ത്രിയുടെയോ കണ്ണില്‍പ്പെടാതെയാണ് ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ത്തന്നെ 5.30 തിരിച്ച് പമ്പയിലെത്തിച്ച ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഡിസംബര്‍ 24ന് യുവതികള്‍ ശബരിമലയിലെത്തിയിരുന്നെങ്കിലും ക്രമസമാധാനപ്രശ്‌നത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുകയായിരുന്നു. അന്ന് ശബരിമലയിലെത്തിയ യുവതികള്‍ക്കു നേരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തിലെത്തിയതിനെ തുടര്‍ന്നാണ് യുവതികളോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ മടങ്ങാമെന്നും പിന്നീട് തിരികെയെത്തുമ്പോള്‍ ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഉറപ്പ് ലഭിച്ചതിനു ശേഷമാണ് അന്ന് ഇവര്‍ തിരികെ പോയത്.
ആദ്യ ശ്രമത്തിനു ശേഷം ബിന്ദുവും കനകദുര്‍ഗയും വീട്ടിലേയ്ക്ക് തിരികെ പോയിരുന്നില്ല. ശബരിമലയില്‍നിന്ന് പോലീസ് ഇവരെ കോട്ടയത്തെത്തിക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പോലീസ് സുരക്ഷയില്‍ കഴിഞ്ഞ ഇവര്‍, തങ്ങളെ വീണ്ടും ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് ദര്‍ശനത്തിന് അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular