50 ലക്ഷം വനിതകള്‍ അണിനിരക്കും; വനിതാ മതില്‍ സമാപന പരിപാടിയില്‍ പിണറായി പങ്കെടുക്കും

കൊച്ചി: നവോത്ഥാന സന്ദേശമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇന്ന് വനിത മതില്‍ ഉയരും. ദേശീയപാതയിലെ 620 കിലോമീറ്റര്‍ ദൂരത്തില്‍ വൈകിട്ട് നാലിന് നിര്‍മിക്കുന്ന മനുഷ്യമതിലില്‍ അന്‍പത് ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും. വെള്ളയമ്പലത്തെ സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

കാസര്‍കോട്ടെ നഗരമധ്യത്തിലാണ് നവോത്ഥാനമതിലിന്റ ആദ്യകണ്ണി ഉയരുന്നത്. ജില്ലയിലെ 44 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം ഒരു ലക്ഷത്തോളം വനിതകള്‍ സ്ത്രീമുന്നേറ്റ ചരിത്രപാതയില്‍ കൈകോര്‍ക്കും.

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോര്‍ത്തുതുടങ്ങുന്ന പെണ്‍മതില്‍ കരുത്തില്‍ അവസാന കണ്ണിയാകുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആദിവാസി നേതാവ് സി.കെ ജാനു വയനാട്ടിലെ കുളപ്പുള്ളിയിലും കെ. അജിതയും പി വത്സലയും കോഴിക്കോട്ടും അണി നിരക്കും. ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതിയും അങ്കമാലിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും മതിലിന്റ ഭാഗമാകും. മതസാമുദായിക വ്യത്യാസമില്ലാതെ സ്ത്രീകളെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

എല്ലാ സമുദായങ്ങളിലെയും സ്ത്രീകളെ അണിനിരത്തി ഇത് വര്‍ഗീയമതിലല്ലെന്ന് സര്‍ക്കാരിന് തെളിയിച്ചേ പറ്റൂ. അഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ പിറക്കുന്ന മതില്‍ ലോകറെക്കോര്‍ഡായി മാറുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു.

മൂന്നുമണിയോടെ നിശ്ചയിച്ചയിടങ്ങളില്‍ വനിതകള്‍ എത്തിച്ചേരും. മൂന്നേകാലിന് റിഹേഴ്‌സല്‍. നാലിന് മതിലുയരും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ. വിവിധ കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കും. സമാപന സ്ഥലമായ വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറില്‍ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. പിണറായി വിജയന്റെ ഭാര്യ കമല, വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി സിപിഐ ദേശീയ നേതാവ് ആനിരാജ തുടങ്ങിയവരും മതിലില്‍ അണിചേരാനെത്തും.

SHARE