സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതി; വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും കോടിയേരി

തിരുവനന്തപുരം: വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വനിതാ മതിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. സര്‍ക്കാരിന്റെ പണം ഇല്ലാതെതന്നെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിനു പിന്നിലുള്ളത്. സര്‍ക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും മതിലിനില്ല. മതിലിന് മറ്റുതരത്തിലുള്ള പിന്തുണ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വനിതാ മതിലില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

മന്നത്തു പത്മനാഭന്‍ യാഥാസ്ഥിതികതകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നേതാവാണ്. പിന്നീട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വന്ന പലരും മന്നത്തിന്റെ നവോത്ഥാന നിലപാടുകള്‍ പിന്‍തുടര്‍ന്നില്ല. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ എന്‍എസ്എസില്‍നിന്ന് പുറത്താക്കും എന്ന എന്‍എസ്എസിന്റെ നിലപാട് ശരിയല്ല. അത് സമദൂര നയത്തിന് വിരുദ്ധമാണ്. ആ നിലപാട് തിരുത്തും എന്നാണ് കരുതുന്നത്. സംഘടന എന്ന നിലയില്‍ എന്‍എസ്എസിനോട് ശത്രുതാപരമായ നിലപാടില്ലെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മടിയില്ലെന്നും കോടിയേരി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല ഉന്നയിക്കേണ്ടത്. അതുകൊണ്ട് സ്ത്രീ സമത്വത്തിനുള്ള പോരാട്ടം സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് ഏറ്റെടുക്കുന്നത്. മതിലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും പങ്കെടുക്കുക. എന്നാല്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പുരുഷന്‍മാര്‍ രംഗത്തുണ്ടാകും. ഇടതു വശത്ത് സ്ത്രീകള്‍ക്കും വലതു വശത്ത് പുരുഷന്‍മാര്‍ക്കും നില്‍ക്കാം. കേരളത്തില്‍ ചില ഇടങ്ങളില്‍ മാത്രം വനിതാ മതിലിന് പിന്‍തുണ നല്‍കിക്കൊണ്ട് പുരുഷന്‍മാരും മതില്‍ തീര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മൂന്നു മണിയോടെ നിശ്ചിത കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നരയ്ക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. നാലു മണിക്ക് പ്രതിജ്ഞ ചൊല്ലി വനിതകള്‍ മതില്‍ തീര്‍ക്കും. നാലേ കാലോടെ മതില്‍ സമാപിക്കും. മതന്യൂനപക്ഷ വിഭാഗങ്ങള്‍ മതിലിന് പിന്തുണയുമായി രംഗത്തുവരുമെന്നും കോടിയേരി പറഞ്ഞു.

യുവതികള്‍ ശബരിമലയില്‍ വരാന്‍ പാടില്ല എന്ന തരത്തില്‍ ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും അഭിപ്രായപ്രകടനം ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ടതല്ല. പാര്‍ട്ടി അത് അംഗീകരിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

വേണമെന്നു വിചാരിച്ചിരുന്നെങ്കില്‍ എല്ലാ ദിവസവും സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കഴിയുന്ന പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീം കോടതിയുടെ വിധി നടപ്പാക്കുക എന്നതു മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular