ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം ബോംബ് സ്‌ഫോടനം

കെയ്‌റോ: ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വിയറ്റ്‌നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിച്ചു. 14 വിയറ്റ്‌നാം സ്വദേശികളും ഈജിപ്ത് സ്വദേശികളായ ടൂര്‍ ഗൈഡും ഡ്രൈവറും ബസിലുണ്ടായിരുന്നു.

അതേസമയം, സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാതെയാണ് ടൂറിസ്റ്റ് ബസ് സ്‌ഫോടനമുണ്ടായ റോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പ്രതികരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.

ജനുവരി ഏഴിന് ഈജിപ്തിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഓര്‍ത്തോഡക്‌സ് ക്രിസ്മസ് ആഘോഷിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശകത്മാക്കിയിരുന്നു. ഇതിനിടെയാണ് ഏവരെയും നടുക്കിയ സ്‌ഫോടനമുണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular