പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയറിങ്, രാജസ്ഥാനിലെ പുതിയ മന്ത്രിമാര്‍ എല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവര്‍

ജെയ്പുര്‍: രാജസ്ഥാനിലെ പുതിയ സര്‍ക്കാരില്‍ നിറയെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍. പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയറിങ് തുടങ്ങി ഉന്നത വിദ്യാഭ്യാസ ബിരുദങ്ങള്‍ നേടിയവരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 23 പേരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
ഇവരില്‍ പി.എച്ച്.ഡി ബിരുദം നേടിയത് മൂന്ന് പേരാണ്. കോണ്‍ഗ്രസ് നേതാക്കളായ ബി.ഡി. കല്ല, രഘു ശര്‍മ, ആര്‍.എല്‍.ഡി നേതാവായ സുഭാസ് ഗാര്‍ഗ് എന്നിവരാണ് പി.എച്ച്.ഡി ബിരുദമുള്ള മന്ത്രിമാര്‍. ഇതില്‍ ബി.ഡി. കല്ല, രഘു ശര്‍മ എന്നിവര്‍ക്ക് നിയമ ബിരുദവുമുണ്ട്.
ശാന്തി കുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദൊതാസര, സുഖ്റാം ബിഷ്ണോയ്, തികാറാം ജുള്ളി എന്നിവരാണ് എല്‍.എല്‍.ബി ബിരുദമുള്ള മന്ത്രിമാര്‍. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ മമത ഭുപേഷ്, രഘു ശര്‍മ എന്നിവര്‍ക്ക് എം.ബി.എ ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക എന്‍ജിനീയര്‍ രമേഷ് ചന്ദ് മീണയാണ്.
മന്ത്രിസഭയിലുള്ള ഏഴ് പേര്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഇത്രയധികം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മന്ത്രിമാരോടൊപ്പം സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ള അഞ്ച് മന്ത്രിമാരുമുണ്ട്. പത്താം ക്ലാസ് പാസ്സായ സഹമന്ത്രി ഭജന്‍ ലാല്‍ ജാതവ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രി.
മറ്റൊരു സഹമന്ത്രിയായ അര്‍ജുന്‍ ബാമ്നിയ, കാബിനറ്റ് മന്ത്രിയായ ഉദയ് ലാല്‍ എന്നിവര്‍ ഡിഗ്രി രണ്ടാം വര്‍ഷം വരെ മാത്രമേ പഠിച്ചിട്ടുള്ളു. അതുതന്നെ പൂര്‍ത്തിയാക്കിയതുമില്ല.
മന്ത്രിമാരില്‍ എട്ട് പേര്‍ക്കെതിരെ നിരവധികേസുകള്‍ നിലവിലുണ്ട്. ഇതില്‍ 10 പോലീസ് കേസുകളുള്ള അശോക് ചന്ദ്നയാണ് ഒന്നാമത്. ലാല്‍ ചന്ദ് കടാരിയ, വിശ്വേന്ദ്ര സിങ്, രമേഷ് തചന്ദ് മീണ, അര്‍ജുന്‍ സിങ് ബാമ്നിയ, ഭന്‍വര്‍ സിങ് ഭാതി, ഭജന്‍ ലാല്‍, തികാറാം ജുള്ളി എന്നിവരാണ് കേസുകളുള്ള മറ്റ് മന്ത്രിമാര്‍. തിരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളതാണ് ഈ വിവരങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular