വിരാട് കോലിയുടേത് മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായ പെരുമാറ്റമായിരുന്നുവെന്ന് ഓസീസ് താരം

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേത് മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായ പെരുമാറ്റമായിരുന്നുവെന്ന് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. മത്സരശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് ഹസ്തദാനം ചെയ്തപ്പോള്‍ കോലി മുഖത്തുപോലും നോക്കിയില്ലെന്നും ഫോക്‌സ് സ്‌പോര്‍ട്‌സില്‍ എഴുതിയ കോളത്തില്‍ ജോണ്‍സണ്‍ കുറ്റപ്പെടുത്തി.
കോലി ഒരിക്കലും അങ്ങനെ പെരുമാറരുതായിരുന്നു. മത്സരശേഷം പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ മുഖത്തുനോക്കി മികച്ച മത്സരമായിരുന്നു എന്നു പറയുന്നതാണ് മാന്യത. പക്ഷെ ടിം പെയ്‌ന് കൈ കൊടുത്തപ്പോള്‍ കോലി മുഖത്തുപോലും നോക്കിയില്ല. മറ്റ് താരങ്ങള്‍ ഇതു ചെയ്താല്‍ ഇതുപോലെയായിരിക്കില്ല. പക്ഷെ അദ്ദേഹം വിരാട് കോലിയായതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം എളുപ്പം തടിയൂരും. പെര്‍ത്ത് ടെസ്റ്റില്‍ കോലിയുടെ പെരുമാറ്റത്തെ അല്‍പത്തം എന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്നും ജോണ്‍സണ്‍ എഴുതി.
സെഞ്ചുറി അടിച്ചശേഷം വിവാദ ക്യാച്ചില്‍ പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ പെര്‍ത്തിലെ കാണികള്‍ എഴുന്നേറ്റ് നിന്നാണ് കോലിക്ക് കൈയടിച്ചത്. എന്നാല്‍ അവര്‍ക്ക് നന്ദി പറയാതെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയ കോലിയുടെ നടപടിയും ശരിയായില്ല. വിവാദ ക്യാച്ചിലാണ് പുറത്തായതെങ്കിലും കാണികള്‍ നല്‍കുന്ന ആദരത്തെ തിരിച്ച് ബഹുമാനിക്കണമെന്നും ജോണ്‍സണ്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular