ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു; 80 പേര്‍ ആശുപത്രിയില്‍

മൈസൂരു: ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്.

15 വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചവരിലുണ്ട്. ഹനൂര്‍ താലൂക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ അവശനിലയിലാവുകയായിരുന്നു.

അമ്പലത്തില്‍ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ പുറത്തുനിന്ന് കൊണ്ടുവരുന്ന പ്രസാദങ്ങളും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്. പ്രസാദത്തിന്റെ സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.

പ്രസാദം കഴിച്ച ഭക്തര്‍ക്ക് ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് പലരും ചികിത്സ തേടിയത്. പ്രസാദം കഴിക്കുമ്പോള്‍ മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നും അത് അവഗണിച്ച് കഴിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു. പോലീസും ജില്ലാ ഭരണാധികാരികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.

SHARE