മിതാലി രാജുമായി സഹകരിച്ചു പോകുന്നതില്‍ തടസങ്ങളില്ലെന്ന്് രമേഷ് പവാര്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മിതാലി രാജുമായി സഹകരിച്ചു പോകുന്നതില്‍ തടസങ്ങളൊന്നുമില്ലെന്ന് മുന്‍കോച്ച് രമേഷ് പവാര്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചായി തുടരാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് പവാറിന്റെ വെളിപ്പെടുത്തല്‍. ട്വന്റി 20 ലോകകപ്പിനിടയിലും ശേഷവും ഇരുവരും രണ്ട് വഴിക്കായിരുന്നു. തുടര്‍ന്ന് പരസ്പരം ആരോപണങ്ങളുന്നയിച്ച് ബിസിസിഐയില്‍ രേഖാമൂലം പരാതിപ്പെടുകയും ചെയ്തു.
ട്വന്റി 20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പവാറിനെ കോച്ചായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു. ഹെര്‍ഷല്‍ ഗിബ്സ്, മനോജ് പ്രഭാകര്‍, ഡേവ് വാട്ട്മോര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് പവാറും അപേക്ഷ നല്‍കിയിരിക്കുന്നത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതി ഈമാസം 20ന് അപേക്ഷകരുമായി അഭിമുഖം നടത്തിയാണ് പുതിയ കോച്ചിനെ നിയമിക്കുക.
വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ മുന്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ മിതാലി രാജും കോച്ചായിരുന്ന രമേഷ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പവാറിനെതിരേ മിതാലിയും, മിതാലിക്കെതിരേ പവാറും ആരോപണങ്ങളുന്നയിച്ചിരുന്നു. താല്‍ക്കാലിക കോച്ചായിരുന്ന പവാര്‍ കാലാവധിക്കു ശേഷം പടിയിറങ്ങിയതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയായിരുന്നു. വനിതാ ടീം പരിശീലകനെ നിയമിക്കുന്നതിനെച്ചൊല്ലി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഇടക്കാല ഭരണസമിതിയിലും ഭിന്നത രൂക്ഷമാണ്.

Similar Articles

Comments

Advertismentspot_img

Most Popular