റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്.
2019 സെപ്റ്റംബറിലായിരുന്നു ഊര്‍ജിത് പട്ടേലിന്റെ കാലാവധി അവസാനിക്കുക. കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ഊര്‍ജിത് പട്ടേല്‍ നേരത്തെ തന്നെ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു.
റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലായിരുന്നു അസ്വാരസ്യങ്ങള്‍ക്കുള്ള പ്രധാന കാരണം. ഊര്‍ജിത് പട്ടേല്‍ നോട്ട് നിരോധനത്തിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ട് ചെറുകിട വ്യാപാരികള്‍ക്ക് വന്‍തുക വായ്പയായി നല്കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് റിസര്‍വ് ബാങ്ക് തടസ്സം നിന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണമെന്ന് സാത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ബന്ധമായും തയ്യാറകണമെന്നും അല്ലങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആര്‍എസ്എസ് സാമ്പത്തിക വിഭാഗം തലവന്‍ അശ്വനി മഹാജന്‍ പറഞ്ഞതും പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കി.

Similar Articles

Comments

Advertismentspot_img

Most Popular