കോപ്പിയടി വിവാദം; സംഘര്‍ഷം , പൊലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത്

ആലപ്പുഴ: കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് പൊലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത് മടങ്ങി. ദീപ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയില്‍ സംഘര്‍ഷം ഉണ്ടായി.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തുന്നതിനെതിരേ മൂല്യ നിര്‍ണയവേദിക്ക് മുന്നില്‍ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മൂല്യ നിര്‍ണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നേരത്തെ മുപ്പതാം നമ്പര്‍ വേദിയായ എല്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.
എന്നാല്‍, ദീപ വരുന്നതും വേദി മാറ്റുന്നവും സംബന്ധിച്ച് ഉച്ച വരെ അനിശ്ചിതത്വം തുടര്‍ന്നു. വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു. എന്നാല്‍, ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, വിധി കര്‍ത്താവാക്കാനുള്ള തീരുമാനം വിവാദം ഉണ്ടാകുന്നതിന് മുന്‍പ് കൈക്കൊണ്ടതാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.
കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ദീപ സ്വയം വിധികര്‍ത്താവാകുന്നതില്‍ നിന്ന് മാറിനില്‍ക്കേണ്ടതായിരുന്നുവെന്ന് അനില്‍ അക്കരെ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular