പാലം പണി ഗൂഗിള്‍ അറിഞ്ഞില്ല: കോതമംഗലത്ത് മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ വെള്ളക്കെട്ടില്‍ വീണു

കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെള്ളക്കെട്ടില്‍ വീണു. പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്നു. പാലമറ്റത്തിനു സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിനു സമീപത്തു വച്ചാണ് പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞത്. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ പാറക്കളത്തില്‍ ഗോകുല്‍ദാസ് (23), പത്താംകല്ല് പുഴങ്ങര കുന്നംപിള്ളി വീട്ടില്‍ ഇസഹാഖ് (29), മുസ്തഫ (36) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്പേ താഴേക്ക് പതിച്ചു.
കൂരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല് താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നതെന്ന് ഗോകുല്‍ദാസ് പറഞ്ഞു. എട്ടടിയോളം വെള്ളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. വിജനമായ പ്രദേശത്ത് നീന്തല്‍ അറിയാത്ത മൂവരും കാറില്‍ പിടിച്ച് 15 മിനിറ്റോളം കിടന്നു. പോത്തുപാറ റബ്ബര്‍ കമ്പനിയില്‍നിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന പുന്നേക്കാട് സ്വദേശികളായ ബെന്നി, റോയി, കുട്ടച്ചന്‍ തുടങ്ങിയ ആറംഗ സംഘമാണ് ഇവരെ രക്ഷപെടുത്തിയത്. വെള്ളക്കെട്ടില്‍നിന്ന് രക്ഷിക്കണേയെന്നുള്ള നിലവിളി കേട്ട് ബൈക്കിന്റെ വെളിച്ചത്തിലാണ് കാറില്‍ പിടിച്ച് കിടക്കുന്നവരെ കണ്ടത്. ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്. പേടിച്ചു വിറച്ച് നിലവിളിച്ചിരുന്ന ഇവരെ കുറച്ചകലെയുള്ള ഒരു വീട്ടില്‍ കൊണ്ടുപോയാക്കി. വീഴ്ചയില്‍ തലയും നെഞ്ചും ഇടിച്ച് ചതവും നിസ്സാര മുറിവും പറ്റിയിരുന്നു. കൈവശമുണ്ടായിരുന്ന 12,000 രൂപയും മൂന്ന് മൊബൈല്‍ഫോണും വെള്ളത്തില്‍ പോയി. ഒരു ഫോണും 4,000 രൂപയും പിന്നീട് നാട്ടുകാര്‍ മുങ്ങിയെടുത്തു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ച് കാര്‍ പൊക്കിയെടുത്തു.
കാറിനൊപ്പം വെള്ളത്തില്‍ പതിച്ചെങ്കിലും മനോധൈര്യം കൈവിടാതെ യുവാക്കള്‍ പരസ്പരം രക്ഷകരാകുകയായിരുന്നു. അതല്ലെങ്കില്‍ കൂരിരുട്ടില്‍ ആരുമറിയാതെ മൂന്നു ജീവനുകള്‍ പൊലിയുമായിരുന്നു. സൈഡ് ഗ്ലാസുകള്‍ അടഞ്ഞായിരുന്നുവെങ്കില്‍ മൂവരും കാറിനുള്ളില്‍ കുടുങ്ങുമായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം വഴിമാറിയത്. റോഡ് മുറിച്ചിട്ടിരിക്കുന്ന കാര്യം കാര്‍ യാത്രികര്‍ അറിഞ്ഞിരുന്നില്ല. കിലോമീറ്ററുകള്‍ക്കു മുമ്പ് പ ുന്നേക്കാടുള്ള മുന്നറിയിപ്പ് ബോര്‍ഡ് ശ്രദ്ധിക്കാതെയാണ് സംഘം ഇതുവഴി മുന്നോട്ടുപോയത്. പണി നടക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തും വേണ്ട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലായിരുന്നു. റോഡ് സുരക്ഷാ നിയമം പാലിക്കാതെയാണ് പൊതുമരാമത്തും കരാറുകാരനും പണികള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പരിചിതമല്ലാത്ത റോഡിലൂടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയാണ് ഇവരെ അപകടത്തിലെത്തിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് ഭാഗത്തേക്കു പോകുന്ന നിരവധി പേര്‍ കോതമംഗലത്ത് എത്തുമ്പോള്‍ ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ മുഖേന നോക്കുമ്പോള്‍ തെളിഞ്ഞു വരുന്നത് പാലമറ്റം ആവോലിച്ചാല്‍ വഴിയുള്ള ഷോര്‍ട്ട് കട്ട് റോഡാണ്. വടക്കാഞ്ചേരി സ്വദേശികളെ അപകടത്തില്‍നിന്ന് രക്ഷപെടുത്തി സമീപത്തെ വീട്ടിലെത്തിച്ച് ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരൂര്‍ സ്വദേശികളായ ആറംഗ സംഘം സ്ഥലത്തെത്തിയിരുന്നു. ഗൂഗിള്‍ മാപ്പും നോക്കിയെത്തിയ ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കി മടക്കിവിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular