രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു

ഹൈദരാബാദ്: സംസ്ഥാന നിയമസഭയിലേക്ക് ജനവിധി തേടുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-നാണ് വോട്ടെണ്ണല്‍.
20 വര്‍ഷത്തിനിടെ ഒരുതവണപോലും ഒരു പാര്‍ട്ടിയെ തുടര്‍ച്ചയായി അധികാരത്തിലെത്തിക്കാത്ത രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അതേസമയം, തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആര്‍.എസ്.)ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫ്രണ്ടാണ് വെല്ലുവിളിയുയര്‍ത്തുന്നത്. രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബി.എസ്.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
രാജസ്ഥാനില്‍ കഴിഞ്ഞതവണ 163 സീറ്റുകളുമായാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, തെലങ്കാനയില്‍ ടി.ആര്‍.എസ്. 63 സീറ്റുമായാണ് സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസിന് 21 സീറ്റും ടി.ഡി.പി.ക്ക് 15 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍, കാലാവധി തികയാന്‍ എട്ടുമാസം ബാക്കിയിരിക്കേ നിയമസഭ പിരിച്ചുവിട്ടപ്പോള്‍ കുറുമാറ്റത്തിലൂടെയും മറ്റും ടി.ആര്‍.എസിന് 90 സീറ്റുണ്ടായിരുന്നു.
രാജസ്ഥാനില്‍ 2274 സ്ഥാനാര്‍ഥികളുടെ വിധി 4.74 കോടി ജനങ്ങള്‍ തീരുമാനിക്കും. തെലങ്കാനയില്‍ 1821 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക 2.8 കോടി ജനങ്ങളാണ്.
തെലങ്കാനയിലെ മാവോവാദിപ്രവര്‍ത്തനം ഊര്‍ജിതമായ 13 മണ്ഡലങ്ങളില്‍ വൈകീട്ട് നാലുമണിക്ക് പോളിങ് അവസാനിക്കുമ്പോള്‍ ബാക്കിയുള്ള മണ്ഡലങ്ങളില്‍ അഞ്ചുമണിവരെയുണ്ട്. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം മുഴക്കിയിട്ടുള്ളതിനാല്‍ ഛത്തീസ്ഗഢിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തികളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular