വിഹാരിയെ പിന്തള്ളി ഹിറ്റ്മാനെ ടീമിലെടുത്തലില്‍ കലിതുള്ളി ആരാധകര്‍

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ വിഹാരിയെ പിന്തള്ളി ഹിറ്റ്മാനെ ടീമിലെടുത്തലില്‍ കലിതുള്ളി ആരാധകര്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അവസാന ഇലവനില്‍ ഹനുമാ വിഹാരി സ്ഥാനം പിടിക്കും എന്നാണ് ഏവരും കരുതിയിരുന്നത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സും 37 റണ്‍സിന് മൂന്ന് വിക്കറ്റും വിഹാരി സ്വന്തമാക്കിയിരുന്നു. എന്നാല്‍ നായകന്‍ വിരാട് കോലി അന്തിമ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ വിഹാരിയെ പിന്തള്ളി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് ഓഡറില്‍ ആറാമനായെത്തി.
വാലറ്റത്തോടൊപ്പം നന്നായി ബാറ്റ് വീശാന്‍ രോഹിതിന് ആകുമെന്നാണ് താരത്തെ ഉള്‍പ്പെടുത്തിയതിന് കോലി നല്‍കിയ വിശദീകരണം. എന്നാല്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ 61 പന്തില്‍ 37 റണ്‍സാണ് രോഹിതിന് എടുക്കാനായത്. രണ്ട് ബൗണ്ടറികളും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് ഹാരിസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.
ഇന്ത്യ ബാറ്റിംഗില്‍ തകര്‍ച്ച നേരിടുന്ന സമയത്ത് അലക്ഷ്യമായി രോഹിത് പുറത്തായത് ആരാധകരെ കലിപ്പിലാക്കിയിരിക്കുകയാണ്. വിഹാരിയെ മാറ്റിനിര്‍ത്തി എന്തിന് രോഹിത് ശര്‍മ്മയ്ക്ക് ടീമില്‍ ഇടം നല്‍കി എന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം

SHARE