കെ പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിക്കുന്ന വീഡിയോ ടേപ്പ് മാധ്യമങ്ങളെ കാണിച്ചിരുന്നു. അത് ശശികലയ്ക്ക് ക്ഷീണമായെന്നും തനിക്കെതിരെ ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു. രാജു എബ്രഹാം എം.എല്‍.എ ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോഴാണ് ദേവസ്വം മന്ത്രി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്.

SHARE