കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി.

നവംബര്‍ 28 ബുധനാഴ്ചയാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത്. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പി അടിച്ചുവെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. തുടര്‍ന്ന് സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മാത്രമല്ല കുട്ടിയുടെ ഫോട്ടോയെടുക്കുകയും ചെയ്തതായും പറയുന്നു. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളജില്‍ നിന്ന് ഇറങ്ങിയോടുകയും എസ്.എന്‍ കോളജിനു മുന്നില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടുകയുമായിരുന്നു. രാഖി മരിക്കുന്നതിന് തൊട്ടു മുന്‍മ്പ് കോളേജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular