ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി; സമരത്തില്‍നിന്ന് പിന്നോട്ടടിച്ച് ബിജെപി

സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നിട്ടും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറായില്ല. സന്നിധാനത്ത് സംഘര്‍ഷം കണക്കിലെടുത്ത് ഒരുമാസത്തോളമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഡിസംബര്‍ നാല് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ തുടരും. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. പോലീസിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

അതേ സമയം ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ശബരിമലയിലെ യുവതി പ്രവേശനമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാല്‍ എം.എല്‍എ പറഞ്ഞു. റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ പോലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളുമാണ് സമര വിഷയങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമലയില്‍ സമരം ചെയ്യാന്‍ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. കാരണം തീര്‍ത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. അവര്‍ക്ക് അത് അസൗകര്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്നത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് സമരം ഒത്തുതീര്‍പ്പല്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും സമാന പ്രതികരണം നടത്തിയിരുന്നു.

SHARE