ഒന്നിനു പുറകെ ഒന്നായി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍

തിരുവനന്തപരം: ഒന്നിനു പുറകെ ഒന്നായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകള്‍ ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്ന് രാവിലെ സുരേന്ദ്രനെ ഹാജരാക്കും. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നു 2 വീതവും റാന്നിയില്‍ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്.്
സുരേന്ദ്രന്റെ അപേക്ഷപ്രകാരമാണു പൂജപ്പുരയിലേക്കു മാറ്റിയത്. കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയശേഷം പൂജപ്പുരയിലേക്കുള്ള യാത്രയില്‍ സുരേന്ദ്രന് അല്‍പ സമയം ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ വിശ്രമിക്കാന്‍ സമയം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. അര മണിക്കൂറോളം കഴിഞ്ഞു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി. രണ്ടു മണിക്കൂര്‍ കൊട്ടാരക്കര ജയിലില്‍ വിശ്രമിച്ച ശേഷം വൈകിട്ട് ആറോടെയാണു പൂജപ്പുരയില്‍ എത്തിച്ചത്. സുരേന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു വിശ്രമം. തുടര്‍ച്ചയായ യാത്രയില്‍ നടുവേദനയെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
ശബരിമല ചിത്തിര ആട്ട വിശേഷത്തിന് എത്തിയ അന്‍പത്തിരണ്ടുകാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. സംഭവം നടക്കുമ്പോള്‍ ആ പരിസരത്ത് ഇല്ലാതിരുന്ന സുരേന്ദ്രനെ ഗൂഢാലോചന, കുറ്റകരമായ നരഹത്യയ്ക്കു ശ്രമം എന്നീ വകുപ്പുകളിലാണ് പ്രതി ചേര്‍ത്തത്.
തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായിരുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വലംകയ്യായ കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥനും പൊലീസ് ആസ്ഥാനത്തെ മറ്റൊരു ഉന്നതനും സുരക്ഷാ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കരയില്‍ നിന്ന് പൂജപ്പുരയിലേക്കു കൊണ്ടുപോകവെ, മാധ്യമങ്ങള്‍ക്കു നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ഏല്‍പിച്ച കുറിപ്പിലാണ് ആരോപണങ്ങള്‍.
26 നു രാത്രി എത്ര വൈകിയാലും കൊട്ടാരക്കരയില്‍ എത്തിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. കൊട്ടാരക്കരയില്‍ ഇറക്കാതെ തിരുവനന്തപുരത്ത് എത്തിക്കാനും നിര്‍ബന്ധിച്ചു. എസ്‌കോര്‍ട്ട് വന്ന സിപിഎംകാരനായ എസ്‌ഐ ആണ് വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കിയത്. അടുത്ത വാറന്റുകള്‍ക്കു കടുത്ത സിപിഎം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണു നീക്കമെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular