അനില്‍ കുബ്ലൈയുടെ റെക്കോര്‍ഡ് തകര്‍ത്ത് യാസിര്‍…!!! ടെസ്റ്റില്‍ ക്രിക്കറ്റില്‍ ഒറ്റ ദിവസം 10 വിക്കറ്റ്

അബുദാബി: ടെസ്റ്റില്‍ ഒറ്റ ദിവസം 10 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക്. 21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോളറെന്ന നേട്ടവും യാസിര്‍ ഷായ്ക്ക് സ്വന്തമാക്കി. അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് യാസിര്‍ ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് യാസിര്‍. 1999 ഫെബ്രുവരി ഏഴിന് പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം. അതുപക്ഷേ, ഒറ്റ ഇന്നിങ്‌സില്‍ നിന്നായിരുന്നെങ്കില്‍ യാസിറിന്റേത് രണ്ട് ഇന്നിങ്‌സിലായിട്ടാണെന്ന വ്യത്യാസമുണ്ട്.
എന്തായാലും യാസിര്‍ ഷായുടെ പന്തുകള്‍ക്കു മുന്നില്‍ വട്ടം കറങ്ങി വീണ ന്യൂസീലന്‍ഡ്, പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സിനു പുറത്തായി. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അബ്ദുല്‍ ഖാദിര്‍ (9/56), സര്‍ഫ്രാസ് നവാസ് (9/86) എന്നിവര്‍ക്കുശേഷം ടെസ്റ്റില്‍ ഒരു പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇത്.
പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 418 റണ്‍സിനോടു ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റിന് 131 റണ്‍സ് എടുത്തപ്പോള്‍, ആ രണ്ടു വിക്കറ്റും പോക്കറ്റിലാക്കിയാണ് മൂന്നാം ദിനം യാസിര്‍ 10 വിക്കറ്റ് തികച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ എന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വാഴ്ത്തിയ താരമാണു യാസിര്‍ ഷാ. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈ മുപ്പത്തിരണ്ടുകാരന്‍, വേണ്ടിവന്നത് 17 കളികള്‍! ലെഗ് സ്പിന്നര്‍ ഫ്‌ലിപ്പര്‍, ഗൂഗ്ലി എന്നി ഡെലിവറികളുടെ ഫലപ്രദമായ ഉപയോഗമാണു ഷായെ അപകടകാരിയാക്കുന്നത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷാ പാക്കിസ്ഥാനായി 32 ടെസ്റ്റില്‍ 190 വിക്കറ്റെടുത്തിട്ടുണ്ട്. വിക്കറ്റു നഷ്ടം കൂടാതെ 50 റണ്‍സ് എന്ന നിലയില്‍ ബാറ്റു ചെയ്തിരുന്ന കിവീസ്, യാസിര്‍ ഷായുടെ മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഓപ്പണര്‍മാരായ ജീത് റാവല്‍ (31), ടോം ലാതം (22). ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (28 നോട്ടൗട്ട്) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ രണ്ടക്കം കണ്ട ന്യുസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍. മല്‍സരം അവസാനിക്കാന്‍ 2 ദിവസം ബാക്കി നില്‍ക്കെ പാക്ക് സ്‌കോറിനു 197 റണ്‍സ് പിന്നിലാണ് കിവീസ്. 3 കളിയുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ന്യൂസീലന്‍ഡ് വിജയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular