4ഡി ശബ്ദവിന്യാസവുമായി 2.0 29ന് തിയ്യേറ്ററുകളില്‍.. ബുക്കിംഗ് ആരംഭിച്ചു

4ഡി ശബ്ദവിന്യാസവുമായി 2.0 29ന് തിയ്യേറ്ററുകളില്‍… ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2.0 എത്തുന്നത് 3ഡി വിഷ്വല്‍ എഫക്ടിനൊപ്പം 4ഡി ശബ്ദവിന്യാസവുമായി. ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യയോടെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ചിത്രമാണ് 2.0. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും 4ഡി എസ്ആര്‍എല്‍ ശബ്ദ സാങ്കേതികതയില്‍ ഉള്ളതായിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ച ശബ്ദവിന്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ ടീസറിന്റെ റിലീസിംഗ് ചടങ്ങിനിടെ സംവിധായകന്‍ ശങ്കര്‍ തന്നെയാണ് പങ്കുവെച്ചത്.
സ്‌ക്രീനില്‍ നിന്നും സറൗണ്ടിംഗ് വാളുകളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നതിനു പുറമെ സീറ്റിനടിയില്‍ നിന്നു കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ത്രിഡി സൗകര്യമൊരുക്കാനും പുതിയ ശബ്ദസന്നിവേശ സാങ്കേതികതയെ പ്രോത്സാഹിപ്പിക്കാനും എല്ലാ വിതരണക്കാരോടും ശങ്കര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.
കേരളത്തിലെ 450 ഓളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം പുലര്‍ച്ചെ നാലു മണി മുതല്‍ ആരംഭിക്കും. ട്രിവാന്‍ഡ്രം ഏരീസ് പ്ലെക്സ് തിയേറ്ററില്‍ വെളുപ്പിന് നാലു മണിക്കുള്ള ഷോകളുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ് മുളകുപാടം ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്.

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്.

Similar Articles

Comments

Advertismentspot_img

Most Popular