ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ വിശദീകരണം നല്‍കണം: ഹൈക്കോടതി

കൊച്ചി: ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? എന്ന് ഹൈക്കോടതി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അവര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയിലൊരുക്കിയിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോ? കോടതി ചോദിച്ചു.
ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എജി ഹാജരായി വിശദീകരണവും വിവരങ്ങളും നല്‍കേണ്ടത്.
ശബരിമലയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി കര്‍ശന പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

Similar Articles

Comments

Advertismentspot_img

Most Popular