അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല: ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശാസന

പമ്പ: അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വിരിവെക്കാനുള്ള സൗകര്യങ്ങളും പമ്പയിലില്ല. തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാരിന് മറ്റു താല്‍പര്യങ്ങളാണുള്ളതെന്നും കണ്ണന്താനം പറഞ്ഞു. ശൗചാലയങ്ങളില്‍ വൃത്തിയില്ലെന്ന് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാന്‍ പാടില്ല, ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയിലെത്തുന്നത് തീവ്രവാദികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കരുതുന്നത് ജനാധിപത്യമല്ല.
കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളതെന്നും ഭക്തര്‍ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം സര്‍ക്കാരാണെന്നും നേരത്തെ നിലയ്ക്കല്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കണ്ണന്താനം പറഞ്ഞിരുന്നു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

SHARE