കെ.പി. ശശികലയെ മരക്കൂട്ടത്തു പൊലീസ് അറസ്റ്റ് ചെയ്തു: ചട്ടപ്രകാരമല്ല നടപടിയെന്ന് ശശികല

പമ്പ: യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ സന്നിധാനത്ത് എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റും തടഞ്ഞുവയ്ക്കലും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ മരക്കൂട്ടത്തു പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്തുവെച്ചാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം അറസ്റ്റ് ചെയ്യുന്നതായി മരക്കൂട്ടത്ത് വെച്ച് പോലീസ് ശശികലയെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോയി.
തീര്‍ത്ഥാടനത്തിന് വന്ന തന്നെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ശശികല പറഞ്ഞു. കൂടെ വന്നവരെ വിവരം അറിയിച്ചിട്ടില്ല. ചട്ടപ്രകാരമല്ല നടപടിയെന്നും ആരോപിച്ചു. ശരണം വിളിച്ച് ഇരുമുടിയുമായാണ് ശശികല മടങ്ങിയത്.
എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി.
ഇതംഗീകരിക്കാതെ തിരികെപോകാന്‍ ശശികല കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഞ്ചുമണിക്കൂറോളമാണ് ശശികലയെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞുവെച്ചത്.
നേരത്തെ ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയും ബ്രഹ്മചാരി ഭാര്‍ഗവ് റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചു. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

Similar Articles

Comments

Advertismentspot_img

Most Popular