ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്; തിരിച്ചുപോകുന്നത് പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് , അടുത്ത വരവ് പ്രഖ്യാപനം നടത്താതെയെന്ന് തൃപ്തി ദേശായി

നെടുമ്പാശ്ശേരി: ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാല്‍ മടങ്ങിപ്പോകണമെന്ന കേരള പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് തിരിച്ചുപോകുന്നതെന്ന് തൃപ്തി ദേശായി. ശബരിമല ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും തൃപ്തി ദേശായി. പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്ന് അവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ പോകാനായി വീണ്ടും വരുമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടിയും സമത്വത്തിന് വേണ്ടിയുമാണ് പോരാട്ടം. ഭക്തരെന്ന പേരില്‍ ഗുണ്ടാ പ്രവര്‍ത്തനമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. അവര്‍ക്ക് തങ്ങളെ ഭയമുണ്ടെന്നാണ് ഇന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേരള പോലീസ് സഹായം നല്‍കി. എന്നാല്‍ നെടുമ്പാശ്ശേരിയില്‍നിന്ന് ടാക്സി വിളിച്ചുവെങ്കിലും വരാന്‍ ആരും തയ്യാറായില്ല. ഹോട്ടലുകളില്‍ മുറി ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെങ്കിലും ആക്രമണം ഉണ്ടാകുമെന്ന ഭയമുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമല ദര്‍ശനം നടത്താതെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റെടുക്കില്ലെന്നാണ് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അവര്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. വിമാനത്താവളത്തില്‍ 12 മണിക്കൂറിലേറെ ചിലവഴിച്ചുവെങ്കിലും പ്രതിഷേധം കാരണം പുറത്തേക്കിറങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രതിഷേധ പ്രകടനങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് അധികൃതരും പോലീസും അവരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനുള്ള നീക്കം ഉപേക്ഷിച്ച് രാത്രിയോടെ തിരിച്ചുപോകാമെന്ന നിലപാടില്‍ അവര്‍ എത്തി.
ശബരിമല ദര്‍ശനം നടത്താന്‍ ഇനി എത്തുന്നത് പ്രഖ്യാപനം നടത്താതെ ഗറില്ലകളായി ആയിരിക്കുമെന്ന് തൃപ്തി ദേശായി. എത്രയും വേഗം വീണ്ടും എത്തുമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധം ഉയര്‍ന്നത് നിലയ്ക്കലില്‍ ആയിരുന്നുവെങ്കില്‍ സ്വാഭാവികമാണെന്ന് കരുതുമായിരുന്നു. എന്നാല്‍ തങ്ങളെ ഭയന്ന് വിമാനത്താവളത്തില്‍ തന്നെ പ്രതിഷേധിക്കേണ്ടിവന്നു. അത് വലിയ വിജയമാണെന്നും അവര്‍ അവകാശപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular