യുവതീ പ്രവേശനം; സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്; പൊലീസിന്റെ നിര്‍ദേശങ്ങള്‍ ശബരിമലയില്‍ നടപ്പാകില്ല

സന്നിധാനം: ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോര്‍ഡിനായി സുപ്രീംകോടതിയില്‍ ഹാജരാകും. എത്ര സമയം സാവകാശം നല്‍കണമെന്നു തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. എന്തായാലും നാളെയോ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാത്രി കടകളൊന്നും അടയ്ക്കാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ ദേവസ്വം മന്ത്രി ഡിജിപിയുമായി സംസാരിച്ചു. തീര്‍ഥാടകര്‍ക്കു നെയ്യഭിഷേകം, അപ്പം, അരവണ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാക്കും. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി പത്തിനുശേഷം അടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും റിട്ട്, റിവ്യു ഹര്‍ജികളില്‍ എടുത്ത നിലപാടും യോഗം ചര്‍ച്ച ചെയ്തതായി പത്മകുമാര്‍ പറഞ്ഞു. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കും. ഇതിന് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. പമ്പയില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, വനഭൂമി കൂടുതല്‍ ആവശ്യമാണ് എന്നതുള്‍പ്പെടെ സുപ്രീം കോടതിയെ അറിയിക്കും.

ചിത്തിര ആട്ടത്തിരുനാളില്‍ അടക്കം ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ സുപ്രീംകോടതിയില്‍ അറിയിക്കും. തീരുമാനത്തോട് എല്ലാവരും സഹകരിക്കണം. സമാധാനപരമായി ദര്‍ശനം നടത്താന്‍ എല്ലാവരും തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായി പത്മകുമാര്‍ പറഞ്ഞു.

SHARE