മണ്ഡല-മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു

സന്നിധാനം: മണ്ഡല -മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്താണു സ്ഥാനാരോഹണം. ചടങ്ങുകള്‍ ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും. പുതിയ മേല്‍ശാന്തിയാണ് നാളെ നടതുറക്കുക. തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം നാളെ പുലര്‍ച്ചെ 3.30ന് തുടങ്ങും. അതേസമയം സന്നിധാനത്തു കനത്ത മഴ പെയ്യുകയാണ്.

അതേസമയം യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ ശബരിമലയിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തി. എന്നാല്‍ പൊലീസിന്റെ അമിത നിയന്ത്രണങ്ങള്‍ക്കെതിരെ അതൃപ്തിയുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ഹരിവരാസനം പാടി ശബരിമല നട അടച്ചാല്‍ സന്നിധാനത്തു പിന്നെയൊന്നും പാടില്ലെന്ന തരത്തിലാണു പൊലീസ് നിയന്ത്രണം.

നട അടയ്ക്കുന്നതിനോടൊപ്പം സന്നിധാനത്തെ വഴിപാട് കൗണ്ടറുകള്‍ പൂട്ടണം. ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവര്‍ത്തിക്കരുത്. ഈ സമയത്തിനു ശേഷം കടകളില്‍നിന്നു ഭക്ഷണം നല്‍കരുത്. നിലയ്ക്കലില്‍ മാത്രമേ വിരി വയ്ക്കാവൂ. അപ്പം – അരവണ കൗണ്ടറുകള്‍ രാത്രി 10നും അന്നദാന കൗണ്ടര്‍ രാത്രി 11നും അടയ്ക്കണം. മുറികള്‍ രാത്രി വാടകയ്ക്കു നല്‍കരുത്. നടയടച്ചാല്‍ തീര്‍ഥാടകരെ സന്നിധാനത്തു നില്‍ക്കാന്‍ സമ്മതിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ പില്‍ഗ്രിം സെന്റര്‍, ഡോണര്‍ ഹൗസ് എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ താമസിപ്പിക്കരുത്. നടയടച്ച ശേഷം എല്ലാ കെട്ടിടങ്ങളുടെയും മുറികള്‍ പൂട്ടി താക്കോല്‍ എല്‍പ്പിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

പൊലീസ് ഏകപക്ഷീയമായാണ് സന്നിധാനത്തു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞു. പ്രധാന വഴിപാടായ നെയ്യഭിഷേകം വരെ തടസ്സപ്പെടാവുന്ന നിയന്ത്രണങ്ങളാണ് പൊലീസ് കൊണ്ടുവന്നിരിക്കുന്നത്. വഴിപാട്, പ്രസാദ കൗണ്ടറുകള്‍ അടക്കം രാത്രിയില്‍ അടപ്പിക്കുന്നതു വരുമാനം ഇല്ലാതാകുമെന്നു ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ പാടില്ലെന്നു ബോര്‍ഡ് അഭിപ്രായപ്പെട്ടു.

പൊലീസിന് എല്ലായിടത്തും യൂണിഫോം നിര്‍ബന്ധമാക്കി. പരസ്പരം സ്വാമി ശരണം എന്ന് അഭിസംബോധന ചെയ്യരുതെന്നും പൊലീസിനു നിര്‍ദേശമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular