കീഴ്വഴക്കങ്ങള്‍ മാറ്റുന്നു…!! സ്വാമി ശരണം വേണ്ട, സര്‍ എന്നു തന്നെ വിളിക്കണം; കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം

തിരുവനന്തപുരം : യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസ്, കീഴ്വഴക്കങ്ങള്‍ മാറ്റുന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറുമോ അതുപോലെ സജ്ജമായി നില്‍ക്കാനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സോപാനത്തിനു താഴെ യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണം. സര്‍ എന്നു തന്നെ സംബോധന ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണു പൊലീസിനു നല്‍കിയിട്ടുള്ളത്.
ഇതുവരെ സന്നിധാനത്തു പൊലീസ്, ഷര്‍ട്ട് പുറത്തിട്ട് ബെല്‍റ്റിടാതെയാണു നിന്നിരുന്നത്. ചിലപ്പോള്‍ അരയില്‍ തോര്‍ത്ത് കെട്ടും. ലാത്തി ഉപയോഗിക്കാറേയില്ല. മേല്യുദ്യോഗസ്ഥരെ കണ്ടാല്‍ സ്വാമി ശരണം എന്നായിരുന്നു സംബോധന. ഇതെല്ലാം ഒഴിവാക്കാനാണു തീരുമാനം. ഇന്ന് വ്യോമ, നാവിക സേനകളുമായി സഹകരിച്ചു പൊലീസ് ശബരിമലയില്‍ നിരീക്ഷണം നടത്തും. പത്തനംതിട്ട ഡിസിപിയാണു വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍. ഒരു ഐപിഎസ് ഓഫിസര്‍ വ്യോമ, നാവിക സംഘത്തെ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കാണു ചുമതല. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐഡി കാര്‍ഡും യൂണിഫോമും നിര്‍ബന്ധമായും ധരിക്കണമെന്നു നിര്‍ദേശമുണ്ട്. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ സുരക്ഷാകാരണങ്ങളാല്‍ പരിശോധിക്കും.
ശബരിമലയിലെ ദര്‍ശനം വേഗത്തിലാക്കാന്‍ കേരള പൊലീസിന്റെ ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം വഴി ദര്‍ശന സമയം ബുക്ക് ചെയ്യാം. ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ംംം.മെയമൃശാമഹമൂ.രീാ എന്ന സൈറ്റില്‍ ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. ഇങ്ങനെ ബുക്ക് ചെയ്യുന്ന കൂപ്പണിന്റെ പ്രിന്റ് തീര്‍ഥാടകര്‍ ഒപ്പം കരുതണം.

പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഡിജിറ്റല്‍ ക്യൂ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവര്‍ മാത്രമേ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തിലേക്ക് പോകുന്നുള്ളൂയെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി. ദുരുപയോഗം ഒഴിവാക്കാന്‍ എന്‍ട്രി കാര്‍ഡിന്റെ കൗണ്ടര്‍ ഫോയില്‍ സന്നിധാനത്ത് ശേഖരിക്കും. കാര്‍ഡ് പരിശോധിക്കാന്‍ 10 കേന്ദ്രങ്ങള്‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 9 എസ്‌ഐ മാരും 82 പൊലീസ് ഉദ്യോസ്ഥരും ഡിജിറ്റല്‍ ക്യൂ ഡ്യൂട്ടിയില്‍ ഉണ്ടാകും. എസ്സിആര്‍ബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.
നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു കെഎസ്ആര്‍ടിസി മാത്രമാണു സര്‍വീസ് നടത്തുന്നത്. ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം വഴി ദര്‍ശന സമയം ബുക്ക് ചെയ്യുന്നവര്‍ക്കു കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അല്ലാത്തവര്‍ നിലയ്ക്കലിലെ കെഎസ്ആര്‍ടിസി ഓഫിസില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം.
മറ്റുള്ള സ്ഥലങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസിയില്‍ നേരിട്ട് പമ്പയിലേക്ക് വരുന്നവര്‍ നിലയ്ക്കലില്‍നിന്ന് ടിക്കറ്റ് എടുക്കേണ്ടതില്ല. കൂപ്പണുകള്‍ ഇല്ലാത്തവരെ പമ്പയില്‍നിന്ന് കടത്തിവിടില്ലെന്ന പ്രചാരണത്തില്‍ വാസ്തവമില്ല. സ്വകാര്യ വാഹനങ്ങളിലോ അല്ലാതെയോ നിലയ്ക്കല്‍ എത്തുന്നവര്‍ പമ്പയിലേക്ക് പോകാന്‍ പൊലീസിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അല്ലാത്തവരെ സുരക്ഷാ കാരണങ്ങളാല്‍ കടത്തിവിടരുതെന്നാണു നിര്‍ദേശം.
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കു പൊലീസ് നല്‍കുന്ന പാസ് നിര്‍ബന്ധമാണ്. വാഹനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍നിന്നാണ് പാസ് വാങ്ങേണ്ടത്. വാഹനത്തിന്റെ ഇനം, ഭക്തരുടെ എണ്ണം, യാത്രാ തീയതി, ഡ്രൈവറുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സ്റ്റേഷനില്‍ നല്‍കണം. പാസ് ഉള്ള വാഹനങ്ങള്‍ക്കു മാത്രമേ നിലയ്ക്കലില്‍ പാര്‍ക്കിങ് അനുവദിക്കൂ.

പൊലീസ് ആവശ്യപ്പെടുന്ന സ്ഥങ്ങളിലെല്ലാം പാസ് പരിശോധനയ്ക്കായി നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹങ്ങള്‍ക്കു കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍നിന്നോ നിലയ്ക്കലിലെ സ്റ്റേഷനില്‍നിന്നോ പാസുകള്‍ വാങ്ങാം. വാഹന പരിശോധനയ്ക്കുശേഷമേ നിലയ്ക്കലിലെ ബേസ് ക്യാംപിലേക്ക് വാഹനങ്ങള്‍ കടത്തിവിടൂ. പാര്‍ക്കിങ് മേഖല കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഈ മേഖലകള്‍ നോക്കിവേണം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍.
അതേസമയം വനത്തിനുള്ളിലൂടെ തീര്‍ഥാടകര്‍ക്കു ക്ഷേത്രത്തിലേക്ക് പോകാന്‍ പ്രത്യേക നിയന്ത്രണങ്ങളില്ല. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആരെയും കടത്തിവിടേണ്ടെന്നാണു പൊലീസിന്റെ നിര്‍ദേശം. വനത്തിനുള്ളിലൂടെ ദേശവിരുദ്ധ ശക്തികള്‍ ക്ഷേത്രത്തിലേക്കു കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. വനത്തിനുള്ളില്‍ വനംവകുപ്പുമായി ചേര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി.
സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു കയ്യില്‍ ധരിക്കുന്ന പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഐജിയുടെ നേതൃത്വത്തിലാണു സന്നിധാനത്തെ സുരക്ഷ. 12 മണിക്കൂറില്‍ കൂടുതല്‍ ആരെയും സന്നിധാനത്തു തങ്ങാന്‍ അനുവദിക്കില്ലെന്നാണു പൊലീസ് നിലപാട്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നു വ്യക്തമല്ല. സന്നിധാനത്തു മുറികള്‍ ബുക്ക് ചെയ്യുന്നവരെ പൊലീസ് നിരീക്ഷിക്കും. പ്രത്യേക ബാരിക്കേഡ് സംവിധാനവും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആയിരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ കോ ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ ഓര്‍ഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനെ സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസറായും നിയോഗിച്ചു.
തീര്‍ഥാടനകാലം 4 ഘട്ടമായി തിരിച്ചാണു സുരക്ഷാസംവിധാനത്തിനു രൂപം നല്‍കിയിരിക്കുന്നത്. നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്റ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല

ക്രമസമാധാനപാലനത്തിനു സന്നിധാനത്ത് ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തില്‍ ടെലികമ്യൂണിക്കേഷന്‍ എസ്പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായരെയുമാണു നിയോഗിച്ചിരിക്കുന്നത്.

പമ്പയില്‍ ക്രമസമാധാന പാലനത്തിന് 4 ഘട്ടങ്ങളിലായി പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നതു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജെ.ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, കെഎപി അഞ്ചാം ബറ്റാലിയന്‍ കമന്‍ഡാന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവരെയാണ്.

തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് എസ്പി പി.എസ്.സാബു, ഐ.സി.റ്റി എസ്പി ജെ.ജയനാഥ്, നെടുമങ്ങാട് എഎസ്പി സുജിത് ദാസ് എന്നിവരെയാണു നിലയ്ക്കലില്‍ ക്രമസമാധാന പാലന ചുമതലയുളള പൊലീസ് കണ്‍ട്രോളര്‍മാരായി 4 ഘട്ടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്

Similar Articles

Comments

Advertismentspot_img

Most Popular