പ്രത്യേക ദിവസങ്ങളില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ കയറാമെന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഇതേപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ക്രമീകരണങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഇതേപ്പറ്റി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മയും വ്യക്തമായ ഉത്തരം നല്‍കിയില്ല. ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിലമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്‌സികളൊന്നും ഓട്ടം പോകാന്‍ തയ്യാറായില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്‌സി െ്രെഡവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്.

പുലര്‍ച്ചെ 4.45 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്.

അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലര്‍ന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കാര്‍ഗോ ടെര്‍മിനലും ഉപരോധിക്കുകയായിരുന്നു.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

SHARE