നിപ വൈറസ് ;മരണംപോലും വകവെക്കാതെ ജോലിചെയ്ത തൊഴിലാളികളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു

കോഴിക്കോട്:ജില്ലയെഭീതിയിലാഴ്ത്തിയ നിപ വൈറസ് വ്യാപകമായ കാലത്ത് ജോലിയെച്ത കരാര്‍ തൊഴിലാലിളികളെ മെഡിക്കല്‍ കോളേജ് പിരിച്ചു വിട്ടു. മരണംപോലും വകവെക്കാതെ ജോലിചെയ്ത കരാര്‍ത്തൊഴിലാളികളെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. സ്വന്തം ജീവന്‍തന്നെ സമര്‍പ്പിച്ചാണ് തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് നിപാ വേളയില്‍ രോഗികളുടെ അവശിഷ്ടങ്ങള്‍വരെ സംസ്‌കരിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത ഇ.പി. രജീഷും കെ.യു. ശശിധരനും പറഞ്ഞു.
നിപ വാര്‍ഡില്‍ പുറത്തേക്കുവരാന്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ല. വാര്‍ഡിന്റെ ഗ്രില്ലിന് പുറത്തേക്ക് വരേണ്ട… എന്നായിരുന്നു അവരുടെ നിലപാടെന്ന് ശുചീകരണത്തൊഴിലാളികള്‍ പറയുന്നു.
നളന്ദ ഓഡിറ്റോറിയത്തില്‍ നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കൊടുത്ത ഉറപ്പാണ് ഇവര്‍ക്ക് ആകെയുള്ള പ്രതീക്ഷ. ”ഇപ്പോള്‍ ജോലി ചെയ്യുന്നില്ലേ.. പോകാന്‍ പറയുമ്പോഴല്ലേ.. അത് അപ്പോള്‍ നോക്കാം…” എന്നാണ് മന്ത്രി അന്ന് പറഞ്ഞത്. ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നുംലഭിച്ചിട്ടില്ല. തങ്ങളെ ആദരിച്ചില്ലെങ്കിലും അനാദരിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
ആറുമാസം തികയണമെങ്കില്‍ ഡിസംബര്‍ ആവണം. ഇത്രയുംവേഗത്തില്‍ താത്കാലിക ജീവനക്കാരെപ്പോലും പിരിച്ചുവിടാറില്ലെന്ന് നഴ്‌സിങ് അസിസ്റ്റന്റുമാരായ സോമസുന്ദരനും സോജയും പറയുന്നു. ആര്‍.എസ്.ബി.വൈ.യിലോ മറ്റ് ഒഴിവുകളിലേക്കോ നിയമിക്കുന്നതിനെ ചില ഹെഡ് നഴ്‌സുമാര്‍ അനുകൂലിച്ചിരുന്നു. ഒക്ടോബറില്‍ 110 പേരെയാണ് നിയമിച്ചത്.
തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് 42 പേരും ഒപ്പിട്ട നിവേദനം തിങ്കളാഴ്ച അയച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം 16 മുതല്‍ ആശുപത്രിപടിക്കല്‍ നിരാഹാരമിരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് നിവേദനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുപോയി നേരിട്ടുകാണാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം നിപ സമയത്ത് സേവനംചെയ്ത എല്ലാവര്‍ക്കും 89 ദിവസംകൂടി കരാര്‍വ്യവസ്ഥയില്‍ അധികം ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുകയായിരുന്നു. നിപയ്ക്കുശേഷം വെള്ളപ്പൊക്കവുംകൂടി വന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഒന്നിച്ചാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ഫണ്ട് അതിനുമാത്രമേ അനുമതി നല്‍കുന്നുള്ളൂ. ആര്‍.എസ്.ബി.വൈ. ഫണ്ടുപയോഗിച്ചാണ് കാലാവധി നീട്ടിയത്. ഇതിന് ഓഡിറ്റിങ്ങില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നാണ് ഇതൊക്കെ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു

SHARE