ബി.ജെ.പി. അപകടകാരി തന്നെയെന്ന് രജനികാന്ത്

ചെന്നൈ: ബി.ജെ.പി.യെ അപകടകാരിയായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കരുതുന്നുണ്ടെങ്കില്‍ അതു സത്യമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പി.ക്കെതിരേ പ്രതികരിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതുകൊണ്ടുതന്നെയായിരിക്കും പ്രതിപക്ഷകക്ഷികള്‍ ബി.ജെ.പിക്കെതിരേ വിശാലസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും രജനി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിച്ച രജനീകാന്ത് ബി.ജെ.പി.യുമായി അടുപ്പമുണ്ടാക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് അദ്ദേഹം എതിര്‍പരാമര്‍ശം നടത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിനെക്കുറിച്ചും രജനീകാന്ത് അതൃപ്തിയോടെ സംസാരിച്ചു. നോട്ട് അസാധുവാക്കല്‍ വേണ്ടവിധത്തില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. അസാധുവാക്കുന്നതിന് മുന്നോടിയായി വിപുലമായ ചര്‍ച്ച അനിവാര്യമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയപ്പോള്‍ ആദ്യം സ്വാഗതംചെയ്തവരില്‍ ഒരാള്‍ രജനീകാന്തായിരുന്നു.
തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും രജനി മറ്റൊരു ചോദ്യത്തിനു മറുപടിനല്‍കി. രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍മോചന കാര്യത്തിലുള്ള പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അജ്ഞനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിസംബര്‍ 12-ന് പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് രജനിയുടെ ആലോചന. ബി.ജെ.പി. രജനിയെ ഒപ്പംകൂട്ടാന്‍ ശ്രമിക്കുന്നതായി തുടക്കത്തില്‍ത്തന്നെ പ്രചാരണമുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular