ശിരോവസ്ത്രം ധരിക്കാതെ വാര്‍ത്ത വായിച്ചത് വിവാദമാകുന്നു

റിയാദ്: സൗദി ടെലിവിഷന്‍ ചാനലില്‍ ശിരോവസ്ത്രം ധരിക്കാതെ അവതാരക വാര്‍ത്ത വായിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇഖ്ബാരിയ ടിവി ചാനലിലെ അവതാരകയാണ് തല മറയ്ക്കാതെ വാര്‍ത്ത വായിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ശിരോവസ്ത്രം ധരിക്കാതെ വാര്‍ത്ത വായിച്ച അവതാരകയുടെ നടപടി സൗദി അറേബ്യയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ചാനല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു. ബ്രിട്ടനിലെ ന്യൂസ് സ്റ്റുഡിയോയിലിരുന്നാണ് അവതാരക വാര്‍ത്ത വായിച്ചതെന്നും, സൗദി അറേബ്യയിലെ വസ്ത്രധാരണ മര്യാദകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ ജീവനക്കാരെ അനുവദിക്കില്ലെന്നും ചാനല്‍ വക്താവ് സാലേ അല്‍ മുഖൈലിഫ അറിയിച്ചു. സൗദിയില്‍ ഷൂറ കൗണ്‍സിലിലേക്ക് 30 വനിതകളെ നിയമിച്ച അബ്ദുളള ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ നടപടിയോടെയാണ് സ്ത്രീകള്‍ വിവിധ തൊഴില്‍ മേഖലകളിലേയ്ക്ക് കടന്നു വരാനുളള വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്.

SHARE