ജനപ്രിയ പരമ്പര സിനിമയാകുന്നു…ശക്തിമാന്‍ ഇനി ബിഗ്സ്‌ക്രീനില്‍ കാണാം

മുംബൈ: കുട്ടികളും മുതിര്‍ന്നവരും ഓരുപോലെ ഇഷ്ടപ്പെട്ടിരുന്ന ജനപ്രിയ പരമ്പര സിനിമയാകുന്നു. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ശക്തിമാന്‍ ഇനി ബിഗ്സ്‌ക്രീനില്‍ കാണാം. ടെലിവിഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഥാപാത്രം ശക്തിമാന്‍ മുകേഷ് ഖന്നയായിരുന്നു. സൂപ്പര്‍മാനും സ്പൈഡര്‍മാനും ഒക്കെ പോലെ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍.
പരമ്പര സീരിയലാകുമ്പോള്‍ പുതിയ കാലത്തിനൊത്ത് മാറ്റങ്ങള്‍ വരുത്തിയാകും എത്തുക എന്നാണ് റിപ്പോര്‍ട്ട്. വിദേശ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും കഥയെന്നും മുകേഷ് ഖന്ന പറഞ്ഞു.
1997 മുതല്‍ 2005 വരെ 520 എപ്പിസോഡുകള്‍ ആയി ദൂരദര്‍ശനില്‍ എത്തിയിരുന്ന ശക്തിമാന്‍ പിന്നീട് ആനിമേഷനായാണ് വന്നത്. വര്‍ഷമേറെ കഴിഞ്ഞിട്ടും എല്ലാവരുടെയും മനസ്സില്‍ ശക്തിമാന്‍ മുകേഷ് ഖന്ന തന്നെയാണ്. അതുകൊണ്ട ചലച്ചിത്രമാകുമ്പോഴും താന്‍ തന്നെയായിരിക്കും നായകനെന്നും മുകേഷ് ഖന്ന അറിയിച്ചു. ശക്തിമാനായി തന്നെയാണ് ജനങ്ങള്‍ തന്നെ ഇപ്പോഴും കാണുന്നത്. പൊതു പരിപാടികളില്‍ പോകുമ്പോള്‍ അത്തരം അനുഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. അതെല്ലാം സന്തോഷം നല്‍കുന്നവയാണ് എന്നും ഖന്ന പറയുന്നു.
ബോളിവുഡ്ഡിലൂടെ അഭിനയരംഗത്തെത്തിയ മുകേഷ് ടെലിവിഷനിലൂടെയാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്. മഹാഭാരതം സീരിയലില്‍ ഖന്ന ചെയ്ത ഭീഷ്മപിതാമഹന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് ശക്തിമാനുമായി മുകേഷ് എത്തുന്നത്. ഇതിനിടയില്‍ 150ലധികം ചിത്രങ്ങളിലും 25 പരമ്പരകളിലും വേഷമിട്ടു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ഒരു കൈ പരീക്ഷിച്ച ഖന്ന മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാപെയ്നര്‍മാരില്‍ ഒരാളാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിലാണ് തനിക്ക് താല്‍പര്യമെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനൊന്നുമില്ലെന്നും പറയുന്നു.

SHARE