സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു.. കാരണം ഇതാണ്

കൊച്ചി: സി.കെ. വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി.കെ. വിനീത് ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുമെന്നാണ് സൂചന. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചന വിനീത് നല്‍കിയത്. ഇത് മഞ്ഞപ്പടയിലെ തന്റെ അവസാന സീസണായിരിക്കുമെന്നാണ് വിനീത് പറഞ്ഞത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരുകൂട്ടം ആരാധകരില്‍ നിന്നു നേരിടുന്ന അവഹേളനമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് താരത്തെ നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെയും കുടുംബത്തെയും മോശം രീതിയില്‍ അവഹേളിക്കുന്നതില്‍ വിനീത് ദു:ഖിതനാണ്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരശേഷം കടുത്ത ആക്രമണമാണ് വിനീതിന് നേരിടേണ്ടി വരുന്നത്. ടീമിന്റെ യഥാര്‍ഥ ഫാന്‍സ് തീരെ കുറവാണ്. ഞാനൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാനാണെങ്കില്‍ അവര്‍ മോശം പ്രകടനം നടത്തുമ്പോഴും അവരെ ഞാന്‍ പിന്തുണയ്ക്കും. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നേരെ മറിച്ചാണ്. അവര്‍ എന്നെയും എന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു എന്നും വിനീത് പറഞ്ഞു.
അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ അത് ഫുട്ബോളില്‍ സാധാരണമാണ്. ശരിക്കുള്ള ആരാധകര്‍ക്ക് അതു മനസിലാകും. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്നവരില്‍ ഇത്തരം യഥാര്‍ഥ ആരാധകര്‍ കുറവാണ് വിനീത് വേദനയോടെ പറയുന്നു. ഈ സീസണിലാണ് ഇയാന്‍ ഹ്യൂമിനെ മറികടന്ന് വിനീത് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററായത്.

SHARE