കണ്ണൂരില്‍ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച അമിത് ഷായ്‌ക്കെതിരേ കേസ് എടുക്കണം ഉദ്യോഗസ്ഥര്‍

ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27-ന് കണ്ണൂരില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഷായുടെ ഇത്തരം പ്രസംഗം പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടു.
ഷാ നടത്തിയ പ്രസംഗം ആശങ്കപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതില്‍ ഉചിതമല്ലാത്ത രണ്ടു പരാമര്‍ശങ്ങളുണ്ടായി. നടപ്പാക്കാന്‍ കഴിയാവുന്ന ഉത്തരവുകളേ സുപ്രീംകോടതി പുറപ്പെടുവിക്കാവൂവെന്നാണ് ഒരു പരാമര്‍ശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു മാറി നില്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു – പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും ഭീഷണിയുണ്ടായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 1989-ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഭരണഘടനാതത്ത്വങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണം. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ ഭരണഘടനയില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥാലംഘനമുണ്ടായാല്‍ ആ പാര്‍ട്ടിക്കുള്ള അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. അതു തിരുത്തപ്പെടാതെ പോയാല്‍ ദേശീയരാഷ്ട്രീയത്തില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും. ഈ സാഹചര്യത്തില്‍ പ്രസംഗത്തില്‍ വിശദീകരണം തേടാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാവണം. പാര്‍ട്ടി അധ്യക്ഷനെ ഉപദേശിക്കാനും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണക്കില്ലെന്ന് അറിയിക്കാനും പ്രധാനമന്ത്രി തയ്യാറാകണം. ഭരണഘടനാലംഘനം പരിശോധിച്ച് നടപടിയെടുക്കാന്‍ രാഷ്ട്രപതിയും തയ്യാറാകണം -മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
മുന്‍ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ ദേശായ്, സംയുക്ത ഇന്റലിജന്‍സ് സമിതി മുന്‍ ചെയര്‍മാന്‍ ആര്‍. ഗോവിന്ദരാജന്‍, മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ കെ.പി. ഫാബിയാന്‍, തുറമുഖമന്ത്രാലയം മുന്‍ അഡീഷണല്‍ സെക്രട്ടറി എസ്.പി. അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ധനകാര്യ ഉപദേശകന്‍ എന്‍. ബാലഭാസ്‌കര്‍, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന വാപ്പാല ബാലചന്ദ്രന്‍, പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഡി.ജി.പി.യായിരുന്ന മീര സി. ബോര്‍വങ്കര്‍, റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സോം ചതുര്‍വേദി, ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സുര്‍ജിത് കെ. ദാസ്, സ്വീഡന്‍ മുന്‍ അംബാസഡര്‍ സുശീല്‍ ദുബെ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.

Similar Articles

Comments

Advertismentspot_img

Most Popular