ശബരിമലയില്‍ ആചാര ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

പന്തളം: ശബരിമലയില്‍ ആചാര ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും ചാനല്‍ചര്‍ച്ചയില്‍ തില്ലങ്കേരി പറഞ്ഞു.ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി 18 ാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18 ാം പടിയില്‍ കയറി. ഇതോടെ ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. 18 ാം പടിയില്‍ തിരിഞ്ഞു നിന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ് അറിയിച്ചിരുന്നു. ശങ്കരദാസും ഇരുമുടി കെട്ടില്ലാതെ 18 ാം പടിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

SHARE