ബിജെപിക്ക് വന്‍ തിരിച്ചടി; മോദി സര്‍ക്കാരിനെതിരേയുള്ള ജനരോഷം കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നു; കോണ്‍ഗ്രസിന് മുന്നേറ്റം

ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയേകുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ കര്‍ണാടകയില്‍നിന്നു പുറത്തുവരുന്നത്. കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം രണ്ട് ലോക്‌സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. ഷിമോഗ ലോക്‌സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ഥി.

നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാര സ്വാമി ലീഡ് ചെയ്യുമ്പോള്‍, ജാംഘണ്ഡിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാമനഗരയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്. ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്. കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ 60,000 ത്തിലധികം വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്‌ക്കെതിരെ മത്സരിക്കുന്നത്.

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ് എന്നാണ് കണക്കാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular