ശബരിമല നട തുറന്നു; യുവതി മലകയറാതെ മടങ്ങുന്നു ; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്‌

സന്നിധാനം: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് വൈകിട്ട് 5നു ശ്രീകോവിലില്‍ വിളക്ക് തെളിച്ചു. പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചേര്‍ത്തല സ്വദേശി അഞ്ജു, ഭര്‍ത്താവിനും കുട്ടികള്‍ക്കും മല കയറാനെത്തിയെങ്കിലും പൊലീസുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങാന്‍ തീരുമാനിച്ചു. യുവതി എത്തിയെന്നറിഞ്ഞു പമ്പ ഗണപതിക്ഷേത്രത്തില്‍ ഭക്തര്‍ നാമജപ പ്രാര്‍ഥനയിലാണ്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തരാണു നാമജപം നടത്തിയത്. യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്പി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാല്‍ സുരക്ഷ നല്‍കേണ്ടതില്ലെന്നും എസ്പി വ്യക്തമാക്കി.
യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പോലീസ് സംസാരിച്ചു. തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്. നേരം വൈകിയതിനാല്‍ സുരക്ഷ കണക്കിലെടുത്ത് യുവതിയെ ഇന്നുതന്നെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കേണ്ടെന്നായിരുന്നു പൊലീസിന്റെ തീരുമാനം. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. യുവതി ഏതെങ്കിലും ആക്ടിവിസ്റ്റാണോ എന്നകാര്യവും പോലീസ് പരിശോധിച്ചിരുന്നു. ബന്ധുക്കളും മടങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ 5ന് നട തുറക്കും. രാത്രി 10ന് ഭസ്മാഭിഷേകത്തിനു ശേഷം നട അടയ്ക്കും. മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16ന് വൈകിട്ട് വീണ്ടും നട തുറക്കും. ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വന്‍ പൊലീസ് സന്നാഹമാണ്. 50 വയസ്സു കഴിഞ്ഞ വനിതാ പൊലീസിന്റെ സാന്നിധ്യവും സന്നിധാനത്തുണ്ട്. 20 കമാന്‍ഡോകളടക്കം 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സമാധാനപരമാണ്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു വാഹനസൗകര്യം കുറവാണെന്നു തീര്‍ഥാടകര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നു സര്‍വീസിനായി കൂടുതല്‍ ബസ്സുകളെത്തിച്ചു.

SHARE