തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ല; ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്ന് യുവതി

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശി അഞ്ജു (30) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി പമ്പയില്‍ എത്തിയിട്ടുള്ളത്.

യുവതിയെ സന്നിധാനത്തേക്ക് കയറ്റിവിടുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്നാണ് യുവതിയുടെ നിലപാട്. എന്നാല്‍ ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പോലീസ് സംസാരിച്ചു. തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പമ്പ ഗണപതി കോവിലിന് സമീപം കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല.

നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. നേരം വൈകിയതിനാല്‍ സുരക്ഷ കണക്കിലെടുത്ത് യുവതിയെ ഇന്നുതന്നെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുമോ എന്നകാര്യം വ്യക്തമല്ല. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. യുവതി ഏതെങ്കിലും ആക്ടിവിസ്റ്റാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

SHARE