ശബരിമല ; മൊബൈല്‍ഫോണുകള്‍ നിരീക്ഷണത്തില്‍,പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍

പമ്പ: സന്നിധാനത്തും പമ്പയിലുമുള്ള ആളുകളുടെ മൊബൈല്‍ഫോണുകള്‍ നിരീക്ഷണത്തില്‍. സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച, പോലീസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങളിലെത്താതിരിക്കാനാണിത്.
പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയല്‍ ക്യാമറകളും ശബരിമലയില്‍ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കില്‍ കസ്റ്റഡിയിലെടുക്കും. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീര്‍ഥാടകരുടെ കൈവശം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിന്‍വലിച്ചു. ദര്‍ശനത്തിനെത്തുന്നവരെ തിങ്കളാഴ്ച ഉച്ചയോടെ പമ്പയ്ക്ക് വിടും.

Similar Articles

Comments

Advertismentspot_img

Most Popular